Wednesday, October 04, 2017

അഖില കേസ് സുപ്രീംകോടതി 03/10/2017

അഖിലകേസിൽ W.P.(Crl.)297/2016 KHC കേരളഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി 17/08/2017-ൽ എൻ ഐ എ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുംകൊണ്ട് ഷെഫിൻ ജഹാൻ നൽകിയ ഹർജി ഇന്ന് (03/10/2017) സുപ്രീംകോടതി പരിഗണിച്ചു. കോടതിയിൽ ഇന്ന് നടന്ന വാദത്തെകുറിച്ച് റിപ്പോർട്ടർ ചാനലിലെ സീനിയർ റിപ്പോർട്ടർ ബാലഗോപാൽ ബി നായർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ എനിക്ക് മനസ്സിലായ കാര്യങ്ങൾ മലയാളത്തിൽ ചേർക്കുന്നു. ഔപചാരികതകൾ ആയ ചില വാക്കുക്കൾ ലോഡ്ഷിപ്, യുവർ ഓണർ എന്നിങ്ങനെ തൽക്കാലം ചേർക്കുന്നില്ല. എങ്കിലും അതൊക്കെ യഥാസ്ഥാനത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് കരുതുക. അദ്ദേഹം എഴുതിയതിന്റെ തർജ്ജമ അല്ല എന്നുകൂടി പറയട്ടെ, ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ചേർക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടാവുന്നതാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് ഈ കേസ് ഇന്ന് പന്തണ്ടാമത്തെ ഐറ്റമായി ഇന്ന് പരിഗണിച്ചത്.
(നേരത്തെ ഈ കേസ് പരിഗണിച്ചത് അന്ന് ചീഫ് ആയിരുന്ന കെഹാർ വിരമിച്ചതിനെ തുടർന്ന് പുതിയ ബഞ്ചാണ് ഇന്ന് വാദം കേട്ടത്. പഴയ മൂന്നംഗ ബഞ്ചിൽ ഉണ്ടായിരുന്നവരിൽ ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് പുതിയ ബഞ്ചിൽ ഉള്ളത്.)

സമയം 11:05 രാവിലെ

അഡ്വക്കേറ്റ് തുഷാർ മേത്ത (എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ): ഈ കേസിൽ മുൻപ് ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വക്കേറ്റ് മനീന്ദർ സിങ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോയിട്ടുള്ളതിനാൻ ഈ കേസ് അല്പസമയത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ദുഷ്യന്ത് ദവെ (ഷെഫിൻ ജഹാന്റെ അഭിഭാഷകൻ): ഞാൻ ഇതിനെ എതിർക്കുന്നു. സർക്കാരോ , എൻ ഐ എയോ ഈ കേസിൽ അപ്പീൽ നൽകിയിട്ടില്ല. ഞങ്ങളാണ് അപ്പീൽ നൽകിയത്. അങ്ങാകട്ടെ (യുവർ ലോഡ്ഷിപ്) നിയമപരമായ പരിധികൾ കടന്ന് ഈ കേസ് എൻ ഐ എയ്ക്ക് വിട്ടുകൊണ്ട് കൂടുതൽ വിപുലപ്പെടുത്തുകയാണ് ചെയ്തത്. ഈ രാജ്യത്തിന്റെ ബഹുമതവിശ്വാസത്തിന്റെ അടിത്തറയെത്തന്നെ ഇളക്കുന്നതാണ് ആ വിധി.

ചീഫ്, ദുഷ്യന്ത് ദവെയോട്: എന്താണ് ഈ കേസിന്റെ കാതലായ വിഷയം?

ദുഷ്യന്ത് ദവെ: 24 വയസ്സായ ഒരു യുവതിയുടെ വിവാഹത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് കേസിൽ നിയമപരിധികൾ വിപുലപ്പെടുത്തി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടാൻ ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്ക് സാധിക്കുമോ എന്നതാണ് ഇവിടെ പരിഗണിക്കപ്പെടേണ്ട വിഷയം. അത്തരം ഒരു അപേക്ഷ ഹൈക്കോടതിയിലെ പരാതിയിൽ പോലും ഇല്ലായിരുന്നു.

(ദുഷ്യന്ത് ദവെ ശബ്ദമുയർത്തിക്കൊണ്ട്) 

ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വന്ന വിഷയത്തെ തന്നെ ആ ഉത്തരവിലൂടെ അട്ടിമറിച്ചു, അതിനിലാണ് ആ ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷയുമായി വരേണ്ടിവന്നത്.

തുഷാർ മേത്ത: ഞങ്ങൾ ഈ കോടതിയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ദുഷ്യന്ത് ദവെ: (ഉച്ചത്തിൽ) ബി ജെ പിയിലെ രണ്ട് സമുന്നതരായ നേതാക്കളുടെ മക്കൾ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതി അവരുടെ കാര്യത്തിലും എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടുമോ? ഈ ഉത്തരവ് വളരെ ആശങ്കാ ജനകമായ സന്ദേശമാണ് ലോകത്തിനു നൽകുന്നത്.

ജസ്റ്റിസ് ഖൻവിൽക്കർ: മിസ്റ്റർ ദവെ നിങ്ങൾ ഇങ്ങനെ ഒച്ചവെച്ചാൽ ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കില്ല.

ദുഷ്യന്ത് ദവെ: അങ്ങ് ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് അപ്പുറം പോകേണ്ടതില്ല.

ചീഫ് ജസ്റ്റിസ്: എനിക്ക് ആശ്ചര്യം തോന്നുന്നു. ആകെ രണ്ട് കാര്യങ്ങൾ മാത്രമാണ് ഈ കോടതി പരിഗണിക്കേണ്ടത്. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

ജസ്റ്റിസ് ചന്ദ്രചൂഡ്, ദുഷ്യന്ത് ദവേയോട്: എന്തിനാണ് നിങ്ങൾ ഈ കേസ് മാറ്റിവെയ്ക്കുന്നതിനെ എതിർക്കുന്നത്. എൻ ഐ എ അല്പം മാറ്റിവെയ്ക്കണം എന്നല്ലെ പറഞ്ഞുള്ളു.

ചീഫ് ജസ്റ്റിസ്: മുതിർന്ന അഭിഭാഷകൻ (ദവെ) പ്രസക്തമായ വാദം അല്ല നടത്തുന്നത്. അദ്ദേഹം അതുമിതും പറയുകയാണ്. നമുക്ക് വസ്തുതാപരമായ നിയമങ്ങളിൽ ഊന്നിയുള്ള വാദങ്ങൾ ആണ് വേണ്ടത് വെറുതെ ഒച്ചവെയ്ക്കലല്ല. നമുക്ക് ഈ കേസ് വെള്ളിയാഴ്ചത്തേയ്ക്കോ തിങ്കളാഴ്ചത്തയ്ക്കോ മാറ്റിവെയ്ക്കാം.

അഡ്വക്കേറ്റ് മേത്ത: അടുത്ത അവസരത്തിൽ ഒച്ചവയ്ക്കലല്ലാതെ കൂടുതൽ നിലവാരമുള്ള വാദങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

അഡ്വക്കേറ്റ് ദവെ: മിസ്റ്റർ മേത്തയിൽ നിന്നാണ് ഇനി ഞാൻ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതെന്ന് തോന്നുന്നു.

ചീഫ് ജസ്റ്റിസ്: ഇവിടെ ആകെ രണ്ട് വിഷയങ്ങളേ ഉള്ളു. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

മറ്റൊരു കേസിന്റെ വാദത്തിനായി നാലാമത്തെ നിരയിൽ ഇരിക്കുകയായിരുന്ന അഡ്വക്കേറ്റ് ഫാലി എസ് നരിമാനോട് ചീഫ് ജസ്റ്റിസ്: ഭരണഘടനയുടെ 136-ആം അനുശ്ചേദം അനുസരിച്ച് ഹൈക്കോടതി പരിഗണിക്കാതിരുന്ന വിഷയങ്ങളിലും ഉത്തരവിടാൻ നമുക്ക അധികാരം ഇല്ലെ? വളരെ വിപുലമായ ഒരു നിയമവ്യവസ്ഥയല്ലെ അത്?

നരിമാൻ: 136 അനുസരിച്ച് ഇതുവരെ ഇല്ല എന്ന് പറഞ്ഞിട്ടില്ല

അഡ്വക്കെറ്റ് ദുഷ്യന്ത് ദവെ: ആ സ്ത്രീയെ (അഖില) കോടതി മുൻപാകെ ഹാജരാക്കേണ്ടതും കോടതി അവരോട് കാര്യങ്ങൾ ചോദിക്കേണ്ടതും അത്യാവശ്യമാണ്. ആ സ്ത്രീ അച്ഛനമ്മമാർക്കൊപ്പം താമസിച്ചാൽ മതി എന്നാണ് പറയുന്നതെങ്കിൽ ആവലാതിക്കാർ അതിനെ എതിർക്കില്ല. എന്നാൽ ഇപ്പോൾ അവരുടെ ആരോഗ്യത്തിലും പരിപാലനത്തിലും ആശങ്കയുണ്ട്.

അഡ്വക്കേറ്റ് മാധവി ദിവാൻ: എൻ ഐ എ അന്വേഷണത്തിനുള്ള ഉത്തരവ് (എതിർ കക്ഷികളുടെ) സമ്മതത്തോടെ ഉള്ളതാണ്. അവൾ എനിക്കൊപ്പം (എന്റെ കക്ഷിയ്ക്കൊപ്പം) ഉണ്ട്.

ചീഫ് ജസ്റ്റിസ് (മാധവി ദിവാനോട്): നിങ്ങൾ ആർക്ക് വേണ്ടിയാണ് ഹാജരാകുന്നത്?

അഡ്വക്കേറ്റ് മാധവി ദിവാൻ: ഞാൻ ആ പെൺകുട്ടിയുടെ അച്ഛനു വേണ്ടിയാണ് ഹാജരാകുന്നത്. എൻ ഐ എ അന്വേഷണം തീരുമ്പോൾ ആ പെൺകുട്ടിയോട് സംസാരിക്കാം എന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: അവൾ 24 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. അത് വ്യക്തമായ കാര്യമാണ്. അവൾ അച്ഛന്റെ പരിരക്ഷയിൽ തന്നെ കഴിയണം എന്ന് നിർബന്ധിക്കാൻ ആകില്ല. അവളുടെ പൂർണ്നിയന്ത്രണം നിങ്ങൾക്ക് അവകാശപ്പെടാൻ ആകില്ല. ആവശ്യമെന്ന് കണ്ടാൽ ഞങ്ങൾ അവൾക്ക് മറ്റൊരു കസ്റ്റോഡിയനെ നിശ്ചയിക്കും അല്ലെങ്കിൽ അവളെ ഒരു ഹോസ്റ്റലിൽ ആക്കും.

അഡ്വക്കേറ്റ് മേത്ത (എൻ ഐ എ): ഞങ്ങൾ ഒരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ അങ്ങ് മനസ്സിലാക്കിയിട്ടില്ല. ഇതുനു പിന്നിൽ ചില കളികൾ ഉണ്ട്. അത് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: കളികൾ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. ഞങ്ങൾക്ക് അറിയേണ്ടത് കേരളഹൈക്കോടതി ആർട്ടിക്കിൽ 226 ഉപയോഗിച്ച് ഒരു വിവാഹം എങ്ങനെ അസാധുവാക്കി എന്നതാണ്.

അഡ്വക്കേറ്റ് വി ഗിരി (കേരള സർക്കാരിനു വേണ്ടി): സംസ്ഥാനസർക്കാർ ഈ കേസിൽ ഇതുവരെ സത്യവാങ്മൂലം ഒന്നും നൽകിയിട്ടില്ല. എൻ ഐ എ അന്വേഷണം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ഈ അപ്പീലിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ദയവായി അനുവദിക്കണം.

ചീഫ് ജസിറ്റ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് വി ഗിരി: അതിന് ഞങ്ങൾക്ക് അല്പം സമയം വേണം. കേസ് ദീപാവലി കഴിയുന്നതുവരെ നീട്ടിവയ്ക്കാൻ സാധിക്കുമോ? 

അഡ്വക്കേറ്റ് ഹാരിസ് ബീരാൻ: അല്ല അത് സാദ്ധ്യമല്ല

അഡ്വക്കേറ്റ് ദവെ: ഈ കേസ് അങ്ങനെ നീട്ടിക്കൊണ്ട് പോകാൻ സാദ്ധ്യമല്ല

അഡ്വക്കേറ്റ് പി വി ദിനേഷ് (സംസ്ഥാന വനിത കമ്മീഷനു വേണ്ടി): വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഈ സ്ത്രീയുടെ സുരക്ഷയും ആരോഗ്യവും അന്വേഷിക്കണം എന്ന് അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഒരു മെഡിക്കൽ പ്രാക്റ്റീഷണർക്കൊപ്പം ഈ സ്ത്രീയെ സന്ദർശിക്കാനും അതുസംബന്ധിച്ച ഒരു റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഈ കോടതിമുൻപാകെ സമർപ്പിക്കാനും ഞങ്ങൾക്ക് ബഹുമാനപ്പെട്ട കോടതിയുടെ അനുവാദം ആവശ്യമുണ്ട്.

ചീഫ് ജസ്റ്റിസ്: മിസ്റ്റർ ദിനേഷ്, നിങ്ങൾക്ക് ഈ വിഷയം കേസ് പരിഗണിക്കുന്ന അടുത്ത ദിവസം ഉന്നയിക്കാം.

അഡ്വക്കേറ്റ് പി വി ദിനേഷ്: ഞങ്ങൾ ഇതിനായി ഒരു അപേക്ഷ നിലവിൽ സമർപ്പിച്ചിട്ടുണ്ട്. ദയവായി അത് സമർപ്പിക്കാൻ അനുവദിക്കണം

ചീഫ് ജസ്റ്റിസ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് അർ ബസന്ത്: ഞാൻ ഒരു പറ്റം അഭിഭാഷകരെ പ്രതിനിധീകരിക്കുന്നു. ഞങ്ങളേയും ഈ കേസിൽ കക്ഷി ചേരാൻ അനുവദിക്കണം.

ചീഫ് ജസ്റ്റിസ്: വനിതകമ്മീഷൻ കക്ഷിചേർക്കണം എന്ന് പറയുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാം. മറ്റാരേയും കക്ഷിചേർക്കാൻ നിർവ്വാഹമില്ല.

ചീഫ് ജസ്റ്റിസ്: ഈ കേസ് 09/10/2017ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പരിഗണിക്കും. ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സത്യവാങ്ങ്മൂലം സമർപ്പിക്കാം.

(അങ്ങനെ കേസ് 09/10/2017 തിങ്കാളാഴ്ചത്തേയ്ക്ക് മാറ്റി. ബാലഗോപാൽ ബി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)


1 comment:

  1. അഡ്വക്കേറ്റ് ആർ ബസന്ത് കേരളഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് അഭിഭാഷകരെ പ്രതിനിധീകരിച്ചാണ് കേസി കക്ഷിചേരാൻ എത്തിയതെന്ന ഒരു അപ്ഡേറ്റ് ബാലഗോപാം ബി നായർ പിന്നീറ്റ് കമന്റായി ചേർത്തിട്ടുണ്ട്. കേരളഹൈക്കോടതി ഉത്തരവിനെ തുടർന്നുണ്ടായ സംഭവങ്ങൾ (ഹൈക്കോടതിയിലേയ്ക്ക് നടന്ന മാർച്ചും, ജഡ്ജിമാർക്കെതിരായ പരാമർശങ്ങളും മറ്റും) സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിൽ നിക്ഷിപ്തമായ കർത്തവ്യം.

    ReplyDelete

Thanks for being here. Please share your comments.