Showing posts with label Bus Service. Show all posts
Showing posts with label Bus Service. Show all posts

Thursday, January 04, 2018

ബസ്സുകളിലെ വാതിലുകൾ




ഇന്നത്തെ മനോരമയിൽ നിന്നുള്ള വാർത്ത. കൊച്ചിയിൽ ഇത്തരം വാർത്തകൾ ഇതിനു മുൻപും ധാരാളം കേട്ടിട്ടുണ്ട്. വാതിൽ ഇല്ലാത്ത ബസ്സിൽ നിന്നും തെറിച്ചു വീണ് ആളുകൾ മരിക്കുന്നത് സംബന്ധിച്ച്. ഇവിടെ അത് ഗർഭിണി ആയിപ്പോയി. അവർ മരിക്കുകയും അവരുടെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തു. തീർത്തും സങ്കടകരം തന്നെയാണ് ഇത്തരത്തിലുള്ള ഓരോ മരണവും.

പല സുഹൃത്തുക്കളും ആ സ്ത്രീയ്ക്ക് സീറ്റ് ലഭിക്കാഞ്ഞതുകൊണ്ടാണ് അപകടം എന്ന് പറയുന്നത് കണ്ടു. സീറ്റ് ലഭിച്ചിരുന്നു എങ്കിൽ അവർ അപകടത്തിൽ പെടില്ലായിരുന്നു. മറ്റാർക്കെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. ഇവിടെ വിഷയം ഡോർ ഉണ്ടായിട്ടും അത് തുടന്നിട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു ബസ്സുകളിൽ ഡ്രൈവർ പ്രവർത്തിപ്പിക്കുന്ന ന്യുമാറ്റിക് ഡോറുകൾ വേണമെന്ന ആവശ്യത്തിനു സർക്കാരുകൾ മുഖം തിരിക്കുന്നതാണ് ഇവിടെ പ്രധാനപ്രശ്നം. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതിസ്ഥാനത്ത് സർക്കാർ ആണെന്ന് ഞാൻ പറയും. കൃത്യമായി പറഞ്ഞാൽ ഉമ്മൻ ചാണ്ടി സർക്കാർ. പിന്നെ ഇപ്പോഴത്തെ വിജയൻ സർക്കാരും എറണാകുളം ആർ ടി എ കൊച്ചിയിൽ ഇത്തരം അപകടങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാ ബസ്സുകൾക്കും വാതിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ബസ്സുടമകൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയെ സമീപിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി എറണാകുളം ആർ ടി എ യുടെ ഈ തീരുമാനം സ്റ്റേ ചെയ്തു. നിയമം അങ്ങനെ പറയുന്നില്ല അത്രെ. അതിനെതിരെ എറണാകുളം ആർ ടി എ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എങ്കിലും അന്നത്തെ സർക്കാർ അനുവദിച്ചില്ല. നിയമം ഇല്ലാത്തതിനാൽ ഹൈക്കോടതിയിൽ പോയിട്ടും കാര്യമില്ല എന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ വർഷം ആറുകഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ കരുതി നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറല്ല. എല്ലാ ബസ്സുകൾക്കും ഡ്രൈവർ ഓപ്പറേറ്റഡ് ന്യുമാറ്റിക് ഡോർ സ്ഥാപിക്കണം എന്നതാണ് എറണാകുളം ആർ ടി എയുടെ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ ഈ കേസ് നിലവിൽ പെന്റിങ്ങാണ്. അതിലും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു.

സീറ്റു സംവരണം എന്നത് ഈ വിഷയത്തിൽ പരിഹാരമേ അല്ല. എളുപ്പം ഇങ്ങനെ ഓരോ സീറ്റ് സംവരണം നൽകി ആളുകളെ സുഖിപ്പിക്കലാണല്ലൊ. നിലവിൽ 60% അധികം സംവരണം ഉണ്ട് ബസ്സിലെ സീറ്റുകൾക്ക്. ആകെ സംവരണം 50% കൂടുതൽ ആവരുതെന്ന നിർദ്ദേശം ബസ്സിലെ സീറ്റുകളുടെ കാര്യത്തിൽ ബാധകമല്ലെന്ന് തോന്നുന്നു. തോന്നിയ പടി എല്ലാവർക്കും സംവരണം ചെയ്തുകൊടുത്താൽ മതിയല്ലൊ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള സീറ്റ് ആദ്യം 5% സ്ത്രീകൾക്കും 5% പുരുഷന്മാർക്കും എന്നാക്കി. പിന്നെ അത് 10% വീതമാക്കി (G. O. (P)No.11/2013/Tran Dated 13/02/2013) . അതുപോലെ ഭിന്നശേഷിക്കാർക്ക് 2.5% സ്ത്രീ, 2.5% പുരുഷൻ (G. O.(P)No.5/2012/Tran Dated 02/02/2012). അമ്മയും കുഞ്ഞും ഒരു സീറ്റ്. ഇപ്പോൾ ദാ ഗർഭിണിയ്ക്കും 1 സീറ്റ് ഉണ്ടത്രേ. ജനറൽ സീറ്റുകൾ ഇത്ര ശതമാനം വേണം എന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടോ ആവോ? പല സ്വകാര്യബസ്സുകളിലും സംവരണസീറ്റുകൾ കഴിഞ്ഞാൽ ആകെ നാലു അല്ലെങ്കിൽ ആറ് സീറ്റാണ് ബാക്കി പൊതുവിഭാഗത്തിനായി അവശേഷിക്കുക. പെർമിറ്റിൽ പറയുന്ന അത്രയും സീറ്റുകൾ ഇല്ലെങ്കിൽ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവാറും ഇല്ല. പൊതുസീറ്റുകൾ കുറവുള്ള പല ബസ്സുകളെക്കുറിച്ചു ഞാൻ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായി കണ്ടില്ല.

Saturday, October 29, 2016

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.


അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾഡിൾ കപ്പലുകൾ വന്നാൽ അന്ന് ഗോശ്രീ റോഡിൽ ഉള്ളവർക്ക് കഷ്ടപ്പാടാണ്. കണ്ടെയ്നർ ടെർമിനലിൽ നിന്നും വരിവരിയായി ലോറികൾ പുറത്തേയ്ക്ക് വരുന്നതും അവ ഗോശ്രീ റോഡിനെ മുറിച്ച് വളയ്ക്കുന്നതും നിറയെ ലോഡുമായി ഇഴഞ്ഞിഴഞ്ഞ് പാലങ്ങൾ കയറുന്നതും ചെറീയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കണ്ടെയ്നർ ലോറികൾ ടെർമിനലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സ്ഥലത്തു തന്നെ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതും ഗതാഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനെല്ലാം പുറമെ വാഹനങ്ങൾ കേടാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ പിന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാകും ഫലം. ഏറ്റവും തിരക്കേറിയ വൈകീട്ടും രാവിലേയും ഉള്ള സമയത്ത് കണ്ടെയ്നർ ഗതാഗതം നിരോധിക്കണം എന്ന ആവശ്യത്തോടെ അതിനാൽ തന്നെ പൂർണ്ണമായി യോജിക്കുന്നു.

Thursday, October 20, 2016

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. 

(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്) 

Sunday, October 16, 2016

പറവൂർ - കളമശ്ശേരി മെഡിക്കൽ കോളേജ് ബസ്

പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു?
പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ V D Satheesan Mla മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്തുന്ന സർവ്വീസ് ആളുകുറവാണ്. എന്നാൽ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്നവരും ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും ആയി പലർക്കും മെഡിക്കൽ കോളേജിൽ നിന്നുള്ള അവസാനത്തെ സർവ്വീസ് എന്ന നിലയിൽ 7:10നു മെഡിക്കൽ കോളേജിൽ നിന്നുള്ള സർവ്വീസ് വലിയ ഉപകാരപ്രദം തന്നെ ആണ്. അതുകൂടാതെ കളമശ്ശേരി ഭാഗത്തുനിന്നും മുപ്പത്തടം, എടയാർ, പാനായിക്കുളം, കൊങ്ങോർപ്പിള്ളി എന്നിവിടങ്ങളിലേയ്ക്ക് എത്തേണ്ടവർക്കും ഈ സർവ്വീസ് അനുഗ്രഹം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി രാവിലെ ഉള്ള ഒരു സർവ്വീസ് മാത്രമാണ് നടത്തുന്നത്. ഞാൻ ഉൾപ്പടെ കളമശ്ശേരിയിൽ ജോലിചെയ്യുന്ന പലരും ഈ ബസ്സിന്റെ ലാസ്റ്റ് ട്രിപ്പിലെ യാത്രക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർവ്വീസ് നിറുത്തലാക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിലുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.A. K. Saseendran, Collector, Ernakulam ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.