Friday, February 02, 2018

അശാന്തത പടർത്തുന്നവർ

എറണാകുളത്ത് കഴിഞ്ഞ ദിവസം അന്തരിച്ച അശാന്തൻ (മഹേഷ്) എന്ന ചിത്രകാരന്റെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ പല നിറങ്ങളിൽ ചർച്ചയാവുകയാണല്ലൊ. ഇതുമായി ബന്ധപ്പെട്ട് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ, പത്രവാർത്തകളെ അടിസ്ഥാനമാക്കി (http://bit.ly/2E5VXyh) പങ്കുവെയ്ക്കുന്നു. അശാന്തന്റെ ഭൗതികശരീരം പൊതുദർശനത്തിനു ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ വെയ്ക്കുന്നതിനുള്ള തീരുമാനം അറിഞ്ഞ് ശിവക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും കോർപ്പറേഷനിലെ കോൺഗ്രസ്സ് കൗൺസിലർ കൃഷ്ണകുമാറും ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്നിയം ചന്ദ്രനെ കണ്ട് ക്ഷേത്രനട അടച്ചിട്ടില്ലാത്തതിനാൽ പൊതുദർശനം മാറ്റിവെയ്ക്കണം എന്നു ആവശ്യപ്പെടുന്നതിൽ നിന്നാണ് തർക്കങ്ങൾ തുടങ്ങുന്നത്. അതിനുശേഷം കുറച്ചാളുകൾ വന്ന് പൊതുദർശനത്തിനായി തയ്യാറാക്കിയ വേദി അലങ്കോലപ്പെടുത്തുകയും അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു. ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ നിന്നും 50 മീറ്റർ മാത്രം അകലത്തിലുള്ള ക്ഷേത്രത്തിന്റെ കവാടത്തിനു നേരെ മുന്നിലായി മൃതദേഹം പ്രദർശനത്തിനു കൊണ്ടുപോകാൻ സാധിക്കില്ല എന്നതായിരുന്നു അവരുടെ ആവശ്യം. ഈ ബഹളങ്ങൾ തുടർന്നപ്പോൾ ലളിതകലാ അക്കാദമി സെക്രട്ടറി പോലീസിനെ വിളിച്ചു വരുത്തുകയും തുടർന്ന് നടന്ന ചർച്ചകളിൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മറ്റൊരു കവാടത്തിലൂടെ മൃതദേഹം അകത്തു കൊണ്ടുവന്ന് പൊതുദർശനത്തിനു വെയ്ക്കാം എന്ന ഒത്തുതീർപ്പിൽ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്തു.

അതിനുശേഷം ചില ഓൺലൈൻ പോർട്ടലുകളിൽ ഈ വാർത്തവന്നത് (http://bit.ly/2rX5y5D) ദളിതനായ അശാന്തന്റെ മൃതദേഹം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് തടഞ്ഞു എന്നാണ്. വായിക്കുന്നവർക്ക് തോന്നുക ദളിതർ അല്ലാത്തവരുടെ മൃതദേഹം അവിടെ പൊതുദർശനത്തിനു പതിവായി വെയ്ക്കാറുണ്ട് എന്നാവും. ഇതുസംബന്ധിച്ച ഡൂൾ ന്യൂസിൽ വന്ന വാർത്തയിൽ ആരോ ഈ രംഗങ്ങൾ ചിത്രീകരിച്ചത് പൂർണ്ണമായും ഉണ്ട്. അതിൽ തർക്കങ്ങൾക്കിടയിൽ കേൾക്കാൻ സാധിക്കുന്ന ഒരു കാര്യം ഉണ്ട്. ആറു കൊല്ലം മുൻപ് ഇതുപോലെ ഒരു സംഭവം ഉണ്ടായതാണെന്നും അതിനു ശേഷം പിന്നെ ഇപ്പോഴാണ് സംഭവിക്കുന്നത് എന്നും. ആറുകൊല്ലം മുൻപും തർക്കമുണ്ടായി. ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന ഒത്തുതീർപ്പ് അക്കാദമിയും ക്ഷേത്രം ഭരണസമിതിയും തമ്മിൽ ഉണ്ടായിരുന്നതാണ്. അതാണ് ലംഘിച്ചത്. 1989 വരെ പുരാവസ്തു വകുപ്പിന്റെ കീഴിൽ "പരീക്ഷിത് തമ്പുരാൻ മ്യൂസിയം" (http://bit.ly/2DTUYxZ) എന്ന പേരിൽ ആണ് ഇന്നത്തെ ഈ ആർട് ഗ്യാലറി അറിയപ്പെട്ടിരുന്നത്. 1989-ൽ ഒന്നാമത്തെ നില മാത്രം ലളിതകലാ അക്കാദമിയ്ക്ക് നൽകുകയും 1991-ൽ മുകളിലത്തെ നിലയിൽ ആർട്ട് ഗ്യാലറി തുടങ്ങുകയും പിന്നീട് 1992-ൽ പൂർണ്ണമായും അക്കാദമിയ്ക്ക് കൈമാറുകയുമാണ് ചെയ്തത്. അതിനു മുൻപ് പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഓഫീസായും, എൻ സി സി ഓഫീസായും എല്ലാം ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. അതിനും മുൻപ് രാജഭരണകാലത്ത് കൊച്ചി രാജാവിന്റെ അതിഥിമന്ദിരവും ദർബാറും ആയിരുന്നു.


(അശാന്തന്റെ മൃതദേഹം എറണാകുളം ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് സംബന്ധിച്ച തർക്കം ഡൂൾ ന്യൂസ് എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ചതും ഈ തർക്കത്തെ കുറിച്ച് ദി ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ടും മുകളിലെ വീഡിയോവിൽ കാണാം)

ഇവിടെ തർക്കം ക്ഷേത്രപരിസരത്തുള്ള, ഒരിക്കൽ ക്ഷേത്രഭൂമിയായിരുന്ന സ്ഥലത്ത് ക്ഷേത്രം തുറന്നിരിക്കുന്ന അവസരത്തിൽ ക്ഷേത്രകവാടത്തിനു അൻപതു മീറ്റർ മുൻപിൽ ഒരു മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതു സംബ്നധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലാണ്. അതിൽ ഒരിക്കലും പരാമർശന വിഷയമാകാത്ത ദളിത് എന്ന ഇഷ്യു കുത്തിത്തിരുകി പ്രശ്നങ്ങൾ സൃഷിക്കുവാൻ ഒരു കൂട്ടർ മനഃപൂർവ്വം ശ്രമം നടത്തുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ആരുടെ മൃതദേഹം പൊതുദർശനത്തിനു വെച്ചാലും നാളെ ഇതേ തർക്കം ഉണ്ടാകും. ആറു വർഷം മുൻപ് തർക്കമുണ്ടായത് ആരുടെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണെന്നത് എനിക്കറിയില്ല. മുൻ മന്ത്രി ആയിരുന്ന ടി കെ രാമകൃഷ്ണന്റെ മൃതദേഹം ഇവിടെ പൊതുദർശനത്തിനു വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടു. ടിക കെ രാമകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചത് തൃപ്പൂണിത്തുറയിൽ ലായം ഗ്രൗണ്ടിൽ ആണെന്നാണ് വാർത്തകളിൽ (http://bit.ly/2ny4D6o) നിന്നും മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ 02/02/2018-ൽ വന്ന ഫേസ്ബുക്ക് പോസ്റ്റിൽ (http://bit.ly/2DYEQ1W) ഇതിനു മുൻപ് പ്രശസ്ത ചലച്ചിത്രസംവിധായകൻ ശശികുമാർ മരിച്ചപ്പോൾ (http://bit.ly/2E8XovG) അദ്ദേഹത്തിന്റെ മൃതദേഹം ദർബാർ ഹാൾ ഗ്രൗണ്ടിലെ ഓപ്പൺ സ്റ്റേജിൽ പൊതുദർശനത്തിനു വെയ്ക്കുന്നത് സംബന്ധിച്ചും തർക്കം ഉണ്ടായതായും അത് എന്ന് ജില്ലാകളക്ടർ ആയിരുന്നു ഷേക്ക് പരീത് ഇടപെട്ട് ഒത്തുതീർപ്പാക്കിയതായും പറയുന്നുണ്ട്. അതായത് ദ്രബാർ ഹാൾ ആർട് ഗ്യാലറിയിൽ ഇതിനു മുൻപ് ആരുടേയും ഭൗതികശരീരം പൊതുദർശനത്തിനു വെച്ചിട്ടില്ല എന്നുതന്നെ. 

ഇനി ഉള്ള ഒരു ചോദ്യം സർക്കാർ ഉടമസ്ഥതയിൽ ഉള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സ്ഥാപനത്തിന്റെ മുൻപിൽ രണ്ടു തവണ പുരസ്കാരം നൽകി സർക്കാർ ആദരിച്ച ഒരു വ്യക്തിയുടെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കരുതെന്ന് പറയാനുള്ള അവകാശം ആർക്കെങ്കിലും ഉണ്ടോ എന്നതാണ്. അത്തരം തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടുക തന്നെ വേണം. ഇവിടെ ക്ഷേത്രത്തിനു നേരെ മുൻപിൽ വരാത്തരീതിയിൽ മറ്റൊരു കവാടത്തിലൂടെ ഇതേ ആർട് ഗ്യാലറിയുടെ മറ്റൊരു ഭാഗത്ത് പൊതുദർശനം നടത്തുന്നതു സംബന്ധിച്ച് രമ്യമായ തീരുമാനം ഉണ്ടായി എന്നത് ശുഭകരമായി കാണുന്നു. ഇനി അതല്ല ക്ഷേത്രകവാടത്തിനു നേരെ മുൻപിൽ തന്നെ പന്തലിട്ട് അവിടത്തന്നെ ഇനിയും ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ലളിതകലാ അക്കാദമിയുടെ തീരുമാനം എങ്കിൽ ആ രീതിയിൽ അവർ മുന്നോട്ട് പോകണം. അതിൽ എതിർപ്പുള്ളവർ കോടതിയേയോ പോലീസിനേയോ സമീപിക്കണം. അതൊക്കെ നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെ, ഒപ്പം ഇത്തരം വിഷയങ്ങളിൽ ഇല്ലാത്ത ദളിത് നിറം നൽകി ഇതിൽ നിന്നും മുതലെടുപ്പിനു ശ്രമിക്കുന്നവരേയും തിരിച്ചറിയണം.

No comments:

Post a Comment

Thanks for being here. Please share your comments.