Saturday, October 29, 2016

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.


അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾഡിൾ കപ്പലുകൾ വന്നാൽ അന്ന് ഗോശ്രീ റോഡിൽ ഉള്ളവർക്ക് കഷ്ടപ്പാടാണ്. കണ്ടെയ്നർ ടെർമിനലിൽ നിന്നും വരിവരിയായി ലോറികൾ പുറത്തേയ്ക്ക് വരുന്നതും അവ ഗോശ്രീ റോഡിനെ മുറിച്ച് വളയ്ക്കുന്നതും നിറയെ ലോഡുമായി ഇഴഞ്ഞിഴഞ്ഞ് പാലങ്ങൾ കയറുന്നതും ചെറീയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കണ്ടെയ്നർ ലോറികൾ ടെർമിനലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സ്ഥലത്തു തന്നെ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതും ഗതാഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനെല്ലാം പുറമെ വാഹനങ്ങൾ കേടാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ പിന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാകും ഫലം. ഏറ്റവും തിരക്കേറിയ വൈകീട്ടും രാവിലേയും ഉള്ള സമയത്ത് കണ്ടെയ്നർ ഗതാഗതം നിരോധിക്കണം എന്ന ആവശ്യത്തോടെ അതിനാൽ തന്നെ പൂർണ്ണമായി യോജിക്കുന്നു.

No comments:

Post a Comment

Thanks for being here. Please share your comments.