Monday, October 09, 2017

അഖില കേസ് - ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം

അഖില കേസ് അങ്ങനെ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നു. കേസിലെ ആവലാതിക്കാരനായ ഷെഫിൻ ജഹാൻ അഖില കേസിന്റെ അന്വേഷണം എൻ ഐ എയ്ക്ക് വിട്ട സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ആണ് നാളെ കോടതി പരിഗണിക്കുന്നത്. പല കക്ഷികളും ഈ കേസിനെ ഒരു സാധാരണമതപരിവർത്തവനവും അതിനെ തുടർന്ന് നടന്ന വിവാഹവും കോടതി ഇടപെട്ട് റദ്ദാക്കിയതാണെന്ന ഒരു തെറ്റിദ്ധാരണ സമുഹത്തിൽ (അത് ഓൺലൈനിൽ ആയാലും ഓഫ് ലൈനിൽ ആയാലും) പരത്താൻ ശ്രമിച്ചിരുന്നു. അതിൽ ആദ്യഘട്ടത്തിൽ അവർ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. എത്രമൂടിവെയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരും എന്ന് പറയുന്നതു പോലെ ആ തെറ്റിദ്ധാരണപരത്താനുള്ള ശ്രമം പിന്നീട് അത്രവിജയിച്ചില്ല. അദ്യം തെറ്റിദ്ധരിക്കപ്പെട്ടവർ പോലും പിന്നീട് കാര്യങ്ങൾ ശരിയായി മനസ്സിലാക്കി ശരിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാലും സ്വന്തം കള്ളത്തരങ്ങൾ പിടിക്കപ്പെടും എന്നതുകൊണ്ട് രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും അഖിലയെ വലയിലാക്കിയവർ നടത്തുന്നുണ്ട്. അത് വിജയിക്കില്ല എന്ന് കരുതുന്നു. അങ്ങനെ ഒരു ശുഭപ്രതീക്ഷ വെച്ചു പുലർത്താനെ സാധിക്കൂ.

നാളെ ഈ കേസ് കോടതി പരിഗണിക്കുമ്പോൾ സമൂഹത്തിന്റെ വിവീധ വിഭാഗങ്ങളിൽ ഉള്ളവർ ഈ കേസിൽ കക്ഷിചേരാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന കക്ഷികൾ ആയ അഖിലയുടെ പിതാവ് അശോകനും, ഷെഫിൻ ജഹാനും പുറമെ തിരുവനന്തപുരത്തു നിന്നും മതപരിവർത്തനത്തിനു വിധേയയായി അഫ്ഗാനിസ്ഥാനിൽ ഐസിസിന്റെ ക്യാമ്പിൽ എത്തിച്ചേർന്നു എന്ന് കരുതപ്പെടുന്ന നിമിഷയുടെ അമ്മ ബിന്ദു, അതുപോലെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയായ ലത്തൂരിലെ സുമതി ആര്യ എന്നിവരും മതപരിവർത്തനത്തെ കുറിച്ചും അതിലൂടെ നടത്തുന്ന മനുഷ്യക്കടത്തിനെ കുറിച്ചും അന്വേഷിക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. അഖിലകേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേരളഹൈക്കോടതിയിലെയ്ക്ക് നടന്ന പ്രകടനവും കേസ് പരിഗണിച്ച / ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ നടന്ന പ്രസ്താവനകളും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി കേരളഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് അഭിഭാഷകരും കേസിൽ കക്ഷിചേരാനുള്ള അപേക്ഷ (അഡ്വക്കേറ്റ് ആർ ബസന്ത് വഴി) സമർപ്പിച്ചിട്ടുണ്ട്. അതിനു പുറമെ അഖിലയെ നേരിൽ കാണാനും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനും അനുവദിക്കണം എന്ന ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷനും അപേക്ഷ സമർപ്പിചിട്ടുണ്ട്. ഇത് കൂടാതെ മതപരിവർത്തനത്തിനു വിധേയയായി രാജ്യത്തിനു വെളിയിലേയ്ക്ക് കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ആതിരയും സുപ്രീം കോടതിയെ സമീപിക്കും എന്ന് കേൾക്കുന്നു. എൻ ഐ എ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും / സത്യവാങ്മൂലവും, അതുപോലെ സംസ്ഥാന സർക്കാർ സമർപ്പിച്ച് സത്യവാങ്ങ്മൂലവും എല്ലാം നാളെ കോടതി പരിഗണിക്കും.

സത്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളെ. തങ്ങളെ വിട്ടുപോയ എവിടെയാണെന്നു പോലും അറിയാത്ത മക്കളെ ഓർത്ത് കണ്ണീർപൊഴിച്ച് ജീവിക്കുന്ന ബിന്ദുവിനെ പോലുള്ള അമ്മമാർക്കും അച്ഛന്മാർക്കും പ്രതീക്ഷയുടെ ചെറിയ കിരണം പോലെ ഒന്ന് തോന്നിപ്പിക്കുന്ന ഒരു നടപടി കോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്ന ഒരു ദിവസം. മതപരിവർത്തനത്തിനു വിധേയരായി രാജ്യം വിട്ടു മറ്റൊരു രാജ്യത്ത് എവിടെയോ എത്തപ്പെട്ടു എന്ന വിശ്വസിക്കുന്ന തങ്ങളുടെ  മക്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ആകുലപ്പെടുന്ന ആ മാതാപിതാക്കൾക്കൊപ്പമാണ് ഞാനും. അവരെ കണ്ടെത്താനും അവരെ ഇങ്ങനെ മതം മാറ്റി മറ്റൊരു രാജ്യത്ത് എത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കണ്ടെത്താനും എൻ ഐ എ തന്നെ ഈ കേസ് അന്വേഷിക്കണം എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ഇതൊരു കച്ചിത്തുരുമ്പാണ്. ഇത് കൈവിട്ടു പോകാൻ അനുവദിക്കരുത്. 

എന്നാൽ ദൗർഭാഗ്യവശാൽ അത്തരമൊരു നീക്കം കേരളസർക്കാരിൽ നിന്നും ഉണ്ടായില്ല. വളരെ വിശാലമായിക്കാണേണ്ട ഒരു കുറ്റകൃത്യത്തെ അത്യന്തം ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഒരു കേസ് എൻ ഐ എ അന്വേഷിക്കേണ്ടതില്ലെന്ന് ഈ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഈ മാതാപിതാക്കളുടെ ആധിയേക്കാൾ അവരുടെ കണ്ണീരിനേക്കാൾ സർക്കാരിനും പാർട്ടിയ്ക്കും പ്രധാനം വേങ്ങരയിൽ കൂടുതൽ കിട്ടിയേക്കാവുന്ന ഏതാനും വോട്ടുകൾ ആണ്. അതിനാണ് പാതിവെന്ത ഒരു സത്യവാങ്മൂലം സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേരളഹൈക്കോടതി അഖില കേസിന്റെ വിധിയിൽ ഈ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥനെതിരെ നിശിതമായ വിമർശനം ആണ് ഉന്നയിച്ചത്. ആ ഉദ്യോഗസ്ഥന്റെ വീഴ്ചകൾ കേരളഹൈക്കോടതി വിധിയിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ആ ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളിക്കളയുകയും ചെയ്തു. അതേ ഗതി നാളെ കേരളസർക്കാരിന്റെ ഈ അസത്യവാങ്മൂലത്തിനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ടിനും ഉണ്ടാകട്ടെ. അശോകന്റേയും ബിന്ദുവിന്റേയും ആതിരയുടെയും സുമതി ആര്യയുടേയും എല്ലാം നിയമപോരാട്ടങ്ങൾ സഫലമാകട്ടെ. സമയബന്ധിതമായി ഈ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന ഒരു ഉത്തരവ് നാളെ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകട്ടെ. അങ്ങനെ പ്രാർത്ഥിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാൻ മാത്രമേ ഇപ്പോൾ എനിക്കാവൂ. ഒരു പക്ഷെ എന്നെപ്പോലെ നിങ്ങളിൽ പലർക്കും. നമുക്ക് പ്രാർത്ഥിക്കാം.

2 comments:

  1. അഖില കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചു. എൻ ഐ എയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങും ഷഫിൻ ജഹാന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെയും തമ്മിലുള്ള വാഗ്വാദം മൂലം കോടതി കേസിന്റെ തുടർനടപടികൾ ഈ മാസം മുപ്പതിലേയ്ക്ക് മാറ്റി. കക്ഷി ചേരാനുള്ള അപേക്ഷകൾ ഒന്നും കോടതി ഇന്നും പരിഗണിച്ചില്ല.

    ReplyDelete
  2. അഖില കേസിന്റെ വാദം സുപ്രീംകോടതിയിൽ നടക്കുന്നതിനിടയിൽ, കേരള സർക്കാരിനു വേണ്ടി ഹാജറാകുന്ന മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് വി ഗിരിയോട് (അദ്ദേഹം കേരള ഹൈക്കോടതിയിൽ കുറച്ചുകാലം ന്യായാധിപനായിരുന്നു. എന്നാൽ 'വ്യക്തിപരമായ കാരണങ്ങളാൽ' ആ പദവി രാജിവെച്ച് തിരികെ അഭിഭാഷകവൃത്തി സ്വീകരിച്ച ആളാണ്) ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിക്കുന്ന് ചോദ്യവും അതിനു അഡ്വക്കേറ്റ് വി ഗിരി നൽകുന്ന മറുപടിയും ആണ് ബാലഗോപാൽ ബി നായർ ഷെയർ ചെയ്യുന്നത്.

    ദീപക് മിശ്ര: ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷൻ തീരുമാനിക്കുന്ന ഹൈക്കോടതിയ്ക്ക് ആ വിവാഹം അസാധുവാക്കാനുള്ള അധികാരം ഉണ്ടോ?

    വി ഗിരി: നിയമം എന്തു പറയുന്നു എന്നാണോ അങ്ങ് എന്നോട് ചോദിക്കുന്നത്

    ദീപക് മിശ്ര: അതെ, ഞങ്ങൾ ഇവിടെ നിയമം എന്തു പറയുന്നു എന്ന് മാത്രമേ ചോദിക്കാറുള്ളു

    വി ഗിരി: നിയമം എന്തുപറയുന്നു എന്നാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ ഈ കേസിലെ സാഹചര്യങ്ങളും വസ്തുതയും അനുസരിച്ച് എന്താണ് ശരി എന്നത് അങ്ങ് തന്നെ തീരുമാനിക്കണം

    (ഞാൻ മനസ്സിലാക്കുന്നത്. നിയമം അങ്ങനെ ഒരു വിവാഹം അസാധുവാക്കാനുള്ള അധികാരം ഹൈക്കോടതിയ്ക്ക് നൽകുന്നില്ല. എന്നാൽ ഈ കേസിലെ സാഹചര്യങ്ങളും വസ്തുതയും അനുസരിച്ച് ആ വിവാഹം അസാധുവാക്കിയതിൽ തെറ്റില്ല എന്ന് വി ഗിരി പറയാതെ പറഞ്ഞു എന്ന് തന്നെയാണ്. )
    https://www.facebook.com/permalink.php?story_fbid=10155968702429274&id=703619273

    ReplyDelete

Thanks for being here. Please share your comments.