Tuesday, October 10, 2017

അഖില കേസ് സുപ്രീം കോടതി 09/10/2017

അഖില കേസിൽ ഇന്ന് (09/10/2017) കോടതിയിൽ നടന്ന് വാദം. കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ ബഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഖൻവിൽകർ. ശ്രീ ബാലഗോപാൽ ബി നായർ തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് എഴുതിയത്. 

സമയം 3:30 പി എം

ചീഫ് ജസ്റ്റിസ് മിശ്ര: തുടങ്ങാം

ദുഷ്യന്ത് ദവെ (ദവെ) (ഷഫിൻ ജഹാന്റെ അഭിഭാഷകൻ): ഈ കേസിൽ വളരെയധികം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ദയവായി പേജ് 156 നോക്കൂ, കോടതി രണ്ടാമത്തെ ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ വിവാഹം അസാധുവാക്കിയിരിക്കുന്നു. അങ്ങ് ദയവായി പേജ് നമ്പർ 126 നോക്കിയാലും. ഞാൻ വീണ്ടും അങ്ങയോട് പറയുന്നു ഈ കേസിൽ അത്യന്തം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്

ദവെ: വിവിധ മതവിഭാഗങ്ങളുടെ സഹനത്തിന്റേയും സഹവർത്തിത്വത്തിന്റേയും ചരിത്രപരമായ ധാരാളം ഉദാഹരണങ്ങൾ ഉള്ള നാടാണ് കേരളം എന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ഇന്നലെ കേരളസന്ദർശനവേളയിൽ പറഞ്ഞിരുന്നു. ഈ രാജ്യത്തിനു വിവിധ മതങ്ങളെ ഉൾക്കൊള്ളുന്ന മഹത്തായ ഒരു പാരമ്പര്യം ഉണ്ട്, നമ്മൾ അത് ഓർമ്മവയ്ക്കണം

ദവെ: അവൾ അഞ്ചു തവണ ഹൈക്കോടതി മുൻപാകെ ഹാജറായി ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ തന്റെ മൊഴി / സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അവൾ സ്വന്തം ഇഷ്ടപ്രകാരമാണ്, പരപ്രേരണകൂടാതെ ആണ് ഷഫിൻ ജഹാനെ വിവാഹം കഴിച്ചതെന്നും അവരുടെ വിവാഹം നിയമപരമായി സാധുതയുള്ളതാണെന്നും കോടതിയിൽ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ദയവായി പേജ് 156 നോക്കൂ. കോടതി അവളുടെ അച്ഛൻ സമർപ്പിച്ച ആദ്യത്തെ ഹേബിയസ്കോർപ്പസ് തീർപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ രണ്ടുതവണ ഹേബിയസ് കോർപ്പസ് സംർപ്പിച്ചിട്ടുണ്ട്

ദവെ: ഇന്ന് ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയമാണ്. കേരളത്തിലെ രാഷ്ട്രീയ ജാഥകളിൽ ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ പരമർശിക്കപ്പെടുന്നു. അഞ്ചു തവണ കേരളഹൈക്കോടതിയിൽ ഹാജറായി അവൾ മതം മാറിയതും എന്റെ കക്ഷിയെ വിവാഹം ചെയ്തതും അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറഞ്ഞിട്ടുണ്ട്. സി പി എം എന്തുചെയ്യുന്നു ബി ജെ പി എന്തു ചെയ്യുന്നു എന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല. ഈ ജാഥകൾ മിശ്രവിവാഹങ്ങൾ ധാരളമായി നടക്കുന്ന സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തെ മലീമസമാക്കുന്നതിനുള്ള ദൗർഭാഗ്യകരമായ ശ്രമങ്ങൾ ആണ്. കഴിഞ്ഞ അറുപതു വർഷങ്ങൾ ആയി കേരളത്തിലെ ജനങ്ങൾ ജാതി മതങ്ങൾ നോക്കാതെ വിവാഹം കഴിക്കുന്നു. മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ വിവാഹം കഴിക്കുന്നു. ക്രിസ്ത്യാനികൾ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നു. അങ്ങനെ തിരിച്ചും ഉണ്ടാകുന്നുണ്ട്. ഇനി മറ്റൊരു മതവിഭാഗത്തിൽ നിന്നും വിവാഹം കഴിക്കുന്നതിനു കോടതി ഉത്തരവ് വാങ്ങേണ്ടിവരും എന്നാണോ? യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ അങ്ങേയ്ക്ക് ആവില്ല.

ദവെ: ഈ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിൽ എത്തി ലൗ ജിഹാദിനെ കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിച്ചിരിക്കുന്നു. ഞാൻ എന്റേയും അവളുടേയും ജീവനെക്കുറിച്ച് (ഷെഫിൻ ജഹാൻ അഖിലയുടെ) ആശങ്കാകുലനാണ്. ഈ വിഷയ്ത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ കേസിൽ എൻ ഐ എയ്ക്ക് ഒന്നും ചെയ്യാനില്ല. അഞ്ച് അവസരങ്ങളിൽ ഹൈക്കോടതിയ്ക്ക് ഈ കേസിൽ ഒന്നും കണ്ടെത്താനായില്ല. കുട്ടികൾക്ക് സ്വന്തമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നതിനു അവകാശം ഉണ്ട്. അവൾ പ്രായപൂർത്തി ആയവൾ ആണ്. അവൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്, റിട്ട് പെറ്റീഷൻ സമർപ്പിച്ചിട്ടില്ല. അവൾ ആരുടെയും നിയമവിരുദ്ധമായ തടവിൽ ആയിരുന്നില്ല. അവൾ ഹൈക്കോടതിയിൽ എത്തി. സത്യവാങ് മൂലം സമർപ്പിച്ച ശേഷം അവൾ ഹൈക്കോടതിയിൽ ഹാജറായി. കോടതിയുടെ അധികാരം ഉപയോഗിച്ച് അവളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുന്നു. എങ്ങനെയാണ് എൻ ഐ എയ്ക്ക് ഹൈക്കോടതി ഉത്തരവിനെ ന്യായീകരിക്കാൻ സാധിക്കുക? ഈ കേസ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. ഇത് രാഷ്ട്രീയവൽക്കരിക്കുന്നത് അനുവദിക്കാനാകില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: അവൾ പ്രായപൂർത്തി ആയവളാണ്. അവൾക്ക് ഏത് മതവും സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. അടിസ്ഥാനപരമായി ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ ആ വ്യക്തിയുടെ സമ്മതത്തിനാണ് പ്രാമുഖ്യം. അവൾ ആവലാതിക്കാരനെ സ്വമനസ്സാലെ വിവാഹം കഴിച്ചതാണ്. അവൾ ഒരു പരാതിയോ റിട്ട് പെറ്റിഷനോ ആവലാതിക്കാരനെതിരെ സമർപ്പിച്ചിട്ടില്ല. വിവാഹം അസാധുവാക്കണം എന്നാവശ്യപ്പെടുന്ന റിട്ട് പെറ്റീഷനും അവൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ കേസിലെ യഥാർത്ഥ ആവലാതിക്കാരി അവളാണ്. അവൾക്ക് എന്താണ് പറയാനുള്ളത്? അവളുടെ സമ്മതമോ പരാതിയോ ഇല്ലാതെ അവളുടെ വിവാഹം അസാധുവാക്കാനുള്ള അധികാരം എങ്ങനെയാണ് ഹൈക്കോടതി ഉപയോഗിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ദയവായി രാഷ്ട്രീയപ്രസംഗങ്ങൾ മറന്നേയ്ക്കൂ, കാരണം അവ അടിസ്ഥാനമില്ലാത്തതാണ്. നമ്മൾ ഈ കേസിന്റെ നിയമപരമായ സാധുതയാണ് പരിശോധിക്കുന്നത്. ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് വിവാഹം അസാധുവാക്കാൻ സാധിക്കുന്നത്? അവർ നിയമപ്രകാരമാണ് വിവാഹിതരായതെന്ന വസ്തുത പെൺകുട്ടി ഹൈക്കോടതി മുൻപാകെ സമ്മതിച്ചിട്ടുണ്ട്.

മനീന്ദർ സിങ് (എൻ ഐ എയുടെ അഭിഭാഷകൻ): ഞാൻ എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്നു.

ചീഫ് ജസ്റ്റിസ് മിശ്ര (മനീന്ദർ സിങിനോട്): ഒരു വ്യക്തി വിവാഹത്തിലുള്ള സമ്മതം അറിയിച്ചാൽ ഹൈക്കോടതിയ്ക്ക് ആ വ്യക്തിയുടെ അനുവാദം ഇല്ലാതെ ആ വിവാഹം അസാധുവാക്കാൻ സാധിക്കുമോ? 

മനീന്ദർ സിങ്: ഈ കേസിന്റെ അന്വേഷണത്തെകുറിച്ചും നിയമവശത്തെകുറിച്ചും എനിക്ക് കോടതിയെ ധരിപ്പിക്കാൻ സാധിക്കും. 226ആം അനുശ്ചേദത്തിന്റെ അധികാരം ഉപയോഗിച്ച് പ്രായപൂർത്തിയായ  മക്കൾ ഉള്ള രക്ഷിതാക്കളുടെ രക്ഷാകർത്തൃത്വം കോടതിയ്ക്ക് ഏറ്റെടുക്കാൻ സാധിക്കും എന്നതിനു ഹൈക്കോടതി ഫുൾ ബഞ്ചിന്റെ വിധിയുണ്ട്. 

ചീഫ് ജസ്റ്റിസ് മിശ്ര: ആ ഫുൾബഞ്ച് ജഡ്ജ്മെന്റിന്റെ ലോജിക്ക് എന്താണ്? 

മനീന്ദർ സിങ്: ഹദിയയുടെ വിവാഹം ഒറ്റപ്പെട്ട ഒന്നല്ല. അതിന്റെ പിന്നിൽ ചില കളികൾ ഉണ്ട്. ഇതേ സംഘടനകൾ മറ്റുചില സമാനമായ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. മതപ്രബോധനത്തിന്റെ അന്വേഷണം അർഹിക്കുന്ന  ഗുരുതരമായ കേസുകൾ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹിപ്നോട്ടിസം പോലുള്ള വിദ്യകൾ ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദവെ: ഇതെല്ലാം പമ്പരവിഢിത്തമാണ്. നിങ്ങൾ സ്വതന്ത്രമായ ഒരു ഏജൻസി അല്ല. നിങ്ങൾ അമിത് ഷായുടെയും ഭരണകക്ഷിയുടേയും സ്വാധീനത്തിനു വശംവദരായിരിക്കുന്നു.

മനീന്ദർ സിങ്: ഇതെന്തൊക്കെയാണ് വിളിച്ചു പറയുന്നത്. ദവെ എല്ലായിപ്പോഴും ഇത്തരം നിന്ദ്യമായ വ്യക്തിഹത്യയാണ് നടത്തുന്നത്.

ദവെ: ഇത് പൂർണ്ണമായും നിലനിൽക്കുന്നതല്ല. ഇത് രാഷ്ട്രീയം മാത്രമാണ്.  അവർ അങ്ങയുടെ ഉത്തരവിനു അവമതിപ്പുണ്ടാക്കിയിരിക്കുന്നു. ജസ്റ്റിസ് രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് അങ്ങ് ഉത്തരവിട്ടത്. ജസ്റ്റിസ് രവീന്ദ്രൻ പിൻമാറി, എന്നിട്ടും അവർ അന്വേഷണവുമായി മുന്നോട്ട് പോയി. ഇത് രാഷ്ട്രീയമാണ്. ഈ ഏജൻസിയ്ക്ക് ഇതിൽ കാര്യമൊന്നുമില്ല. നിങ്ങളുടെ അമിത് ഷാ കേരളത്തിൽ പോയിരുന്നു. എൻ ഐ എ ചെയ്യുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങൾ ആണ്. എൻ ഐ എയ്ക്ക് കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ന്യായീകരിക്കേണ്ട എന്തു ബാദ്ധ്യതയാണുള്ളത്?

മനീന്ദർ സിങ്ങ്: നിങ്ങൾ നിന്ദ്യമായ ആരോപണങ്ങളിലൂടെ എതിർപക്ഷത്തെ ഭീഷിണിപ്പെടുത്തുന്നതിൽ എനിക്ക് ആശങ്കയുണ്ട്.  ഭീഷിണിപ്പെടുത്തി കാര്യം നേടാനുള്ള തന്ത്രമാണ് ഇവർ തുടർച്ചയായി ഉപയോഗിക്കുന്നത്.

ദവെ: ചുരുങ്ങിയപക്ഷം ഞാൻ ഭീഷിണിപ്പെടുത്തുന്നത് കോടതിയ്ക്ക് ഉള്ളിൽ ആണല്ലൊ, നിങ്ങളുടെ സർക്കാരിനെപ്പോലെ വെളിയിൽ ആരേയും ഭീഷിണിപ്പെടുത്തുന്നില്ലല്ലൊ.

ജസ്റ്റിസ് ചന്ദ്രചൂഡ്: നമുക്ക് ഇവിടെ രാഷ്ട്രീയമായ വാദപ്രദിവാദങ്ങൾ ഒഴിവാക്കാം. രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. നമ്മൾ അങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ് നമുക്ക് രാഷ്ട്രീയത്തിൽ നിന്നും വേറിട്ടുനിൽക്കാൻ ആവുക? നമ്മൾ നമ്മുടെ വാദങ്ങളിലും നടപടികളിലും നിയമസംവിധാനത്തേയും ഭരണസംവിധാനത്തേയും ഒപ്പം  നിറുത്തുന്നു. രാഷ്ട്രീയവ്യക്തിത്വങ്ങൾ ഈ കേസുമായി നേരിട്ട് ബന്ധപ്പെടുന്നതല്ല എങ്കിൽ അവരെ പരാമർശിക്കാതിരിക്കുക. നിങ്ങൾ അല്പം ശാന്തമായി വാദിക്കണം.

ചീഫ് ജസ്റ്റിസ് മിശ്ര: നോക്കൂ.... ഇത് അനുവദിക്കാനാകില്ല. കോടതിയിൽ രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഞങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. നിയമപരമായ പോയിന്റുകളിൽ ഊന്നിമാത്രമേ ഞങ്ങൾക്ക് ഈ കേസിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇത് ഒരു കോടതിയാണ്. നിങ്ങൾക്ക് പറയാനുള്ളത് ഇന്ന് ഇനി ഞങ്ങൾ കേൾക്കില്ല.

ദവെ: അങ്ങനെ ചെയ്യാൻ അങ്ങേയ്ക്ക് എങ്ങനെ സാധിക്കും? എനിക്ക് പറയാനുള്ളത് അങ്ങ് കേൾക്കണം. അങ്ങ് തയ്യാറല്ലെങ്കിൽ ഞാൻ വദിക്കേണ്ട എന്ന് തീരുമാനിക്കും.

ജസ്റ്റിസ് ഖൻവിൽകർ: നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇന്ന് സമയം നിശ്ചയിച്ചത്. ഇതിനായി മറ്റു പലകാര്യങ്ങളും മാറ്റിവെച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾക്ക് രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കില്ല. മിസ്റ്റർ ദവെ നിങ്ങൾ നിൽക്കുന്നത് കോടതിയിൽ ആണ്. നിങ്ങൾ വാദം ഉന്നയിക്കുന്ന രീതി ഞങ്ങൾക്ക് സ്വീകാര്യമല്ല.

ദവെ: അങ്ങ് യാഥാർത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഈ കേസിൽ കക്ഷിചേർക്കണമെന്ന അപേക്ഷയുമായി ഇവിടെ എത്തിയിട്ടുണ്ട്. നിങ്ങൾ അവരെ കക്ഷി ചേർക്കുകയാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഇല്ല, ഞങ്ങൾ ആരേയും കക്ഷിചേരാൻ അനുവദിച്ചിട്ടില്ല.

ദവെ: കക്ഷി ചേരുന്നതിനുള്ള അപേക്ഷകളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ഇന്നത്തെ വർത്തമാനപത്രങ്ങളിൽ ഉണ്ട്

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ പത്രവാർത്തകൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രീയപ്രസ്താവനകളെകുറിച്ചുള്ള അഭിപ്രായം പറയാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ പറയുന്നത് ഇന്ന് ഇനി കേൾക്കാനാവില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡ്: മിസ്റ്റർ ദവെ, മിസ്റ്റർ സിങ് ദയവായി ശാന്തരാകൂ. മുതിർന്ന രണ്ട് അഭിഭാഷകർക്ക് ഇത്തരം പെരുമാറ്റം ഒട്ടും ഭൂഷണമല്ല. നിങ്ങൾ രണ്ട് പേരും വളരെ മുതിർന്ന അഭിഭാഷകരാണ്. ദയവായി മര്യാദകൾ പാലിക്കൂ. ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്.

ദവെ: യഥാർത്ഥത്തിൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് പറയാനുള്ള അവകാശം എനിക്കില്ലെ?

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ആണ്.

ദവെ: ഇത് ഊഹാപോഹങ്ങൾ അല്ല, യാഥാർത്ഥ്യമാണ്. പരിമിതമായ നിർദ്ദേശങ്ങൾ ആണ് അങ്ങ് എൻ ഐ എയ്ക്ക് നൽകിയത്.

ഐശ്വര്യ ഭാടി (നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിന്റെ അഭിഭാഷക): ദയവായി എനിക്ക് പറയാനുള്ളത് കേൾക്കണം. ഞാൻ ഉത്തർ പ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആണ്. എന്നാൽ ഈ അപേക്ഷ സമർപ്പിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇതൊരമ്മയുടെ ആവലാതിയാണ്. അവരുടെ മകളെ അഫഗാനിസ്ഥാനിലേയ്ക്ക് കടത്തിയിരിക്കുന്നു. കേരളത്തിലെ മതപരിവർത്തനങ്ങൾക്ക് ഒരു സംഘടിതസ്വഭാവം ഉണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഇവിടെ ശ്രേഷ്ഠരായ അഭിഭാഷകർ ഒരച്ഛനുവേണ്ടിയും ഹാജരായിട്ടുണ്ട്.

ഐശ്വര്യ ഭാടി: അവളെ അഫഗാനിസ്ഥാനിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നത് ഒരു സൂയിസൈഡ് ബോബർ ആക്കാനാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ ഇവിടെ പ്രസംഗങ്ങൾ കേൾക്കുന്നില്ല. മിസ്റ്റർ ദവെ നിങ്ങളിൽ നിന്നായാലും മാഡം നിങ്ങളിൽ നിന്നായാലും

ചീഫ് ജസ്റ്റിസ് മിശ്ര: മിസ്റ്റർ ദവെ നിങ്ങൾ വാദിക്കുന്ന ഈ രീതി ക്ഷമിക്കാനും സഹിക്കാനും ആകില്ല. നിങ്ങൾക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് തോന്നുന്നതെല്ലാം പറയാൻ സാധിക്കില്ല. നിങ്ങൾ നിങ്ങളുടെ ഈ വാദങ്ങളിലൂടെ നിങ്ങളുടെ തന്നെ കേസ്  അട്ടിമറിച്ചിരിക്കുകയാണ്. 

ദവെ: ഈ നിരീക്ഷണത്തോട് ഞാൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ വേണ്ട. പക്ഷെ വെറുതെ എന്റെ മേൽ കുറ്റംചാർത്തരുത്.

വി ഗിരി: ഞാൻ കേരളസർക്കാരിനു വേണ്ടി ഹാജരായതാണ്. 

ദീപക് മിശ്ര: ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷൻ തീരുമാനിക്കുന്ന ഹൈക്കോടതിയ്ക്ക് ആ വിവാഹം അസാധുവാക്കാനുള്ള അധികാരം ഉണ്ടോ?

വി ഗിരി: നിയമം എന്തു പറയുന്നു എന്നാണോ അങ്ങ് എന്നോട് ചോദിക്കുന്നത്

ദീപക് മിശ്ര: അതെ, ഞങ്ങൾ ഇവിടെ നിയമം എന്തു പറയുന്നു എന്ന് മാത്രമേ ചോദിക്കാറുള്ളു

വി ഗിരി: നിയമം എന്തുപറയുന്നു എന്നാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ ഈ കേസിലെ സാഹചര്യങ്ങളും വസ്തുതയും അനുസരിച്ച് എന്താണ് ശരി എന്നത് അങ്ങ് തന്നെ തീരുമാനിക്കണം

ചീഫ് ജസ്റ്റിസ് മിശ്ര: ഹൈക്കോടതിയ്ക്ക് വിവാഹം അസാധുവാക്കാൻ സാധിക്കില്ല എന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾ ഇത് നവംബർ 30(?) നു കേൾക്കും.

ദവെ: ദയവായി വീണ്ടും ഈ കേസ് വെള്ളിയാഴ്ച പരിഗണിക്കണം. ദീപാവലിയ്ക്കെങ്കിലും അവരെ ഒരുമിക്കാൻ അനുവദിക്കണം. കേരളം എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്ന ഒരു സംസ്ഥാനമാണ്. അങ്ങ് ഹൈക്കോടതി ഉത്തരവിനു സ്റ്റേ അനുവദിക്കണം ആ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം. അവർ പരസ്പരം വിവാഹിതരായവർ ആണ്. ആ വിവാഹം സാധുവായതാണ്. കഴിഞ്ഞ മുന്നു മാസക്കാലമായി അവൾ വീട്ടു തടങ്കലിൽ ആണ്. വീടുനു പുറത്തുകടക്കാൻ പോലും അവളെ അനുവദിക്കുന്നില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: ഇന്ന് ഇനി നിങ്ങൾ പറയുന്നത് കേൾക്കാൻ ആകില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം. ഇന്ന് നമുക്ക് എന്തെല്ലാം ചെയ്യാമായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. ഞങ്ങൾക്ക് പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യമില്ല. നിയമപരമായ കാര്യങ്ങൾ മാത്രം. ഞങ്ങൾ ഇത് വീണ്ടും ഒക്ടോബർ 30നു കേൾക്കും. അച്ഛനും കേരള സർക്കാരിനും പറയാനുള്ളതുമാത്രമേ ഞങ്ങൾ കേൾക്കൂ. 

പി വി ദിനേഷ് (കേരളസംസ്ഥാന വനിതാകമ്മീഷന്റെ സ്റ്റാന്റിങ് കൗൺസിൽ): പരിഗണനയിലുള്ള വിഷയങ്ങളുടെ യാഥാർത്ഥ്യത്തിലേയ്ക്ക് കടക്കാതെ തന്നെ വളരെ പരിമിതമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ കേസിൽ കക്ഷിചേരാനുള്ള ഒരു അപേക്ഷ വനിതകമ്മീഷൻ കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഒരു ഡോക്ടർക്കൊപ്പം ആ പെൺകുട്ടിയെ സന്ദർശിക്കാനും അതിന്റെ ഒരു റിപ്പോർട്ട് സീൽചെയ്തകവറിൽ കോടതിയിൽ സമർപ്പിക്കാനും ഞങ്ങളെ അനുവദിക്കണം. 

മനീന്ദർ സിങ്: പറ്റില്ല പറ്റില്ല

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ ഈ കേസിന്റെ പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തുകയാണ്.

ദിനേഷ്: വനിതാകമ്മീഷൻ നിയമപരമായ ഒരു സംവിധാനമാണ്. ആ നിലയിൽ അവളെ സന്ദർശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം കത്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ആരിൽ നിന്നും?

ദിനേഷ്: പല വ്യക്തികൾ, സംഘടനകൾ, ആശങ്കയുള്ള നാട്ടുകാർ എന്നിവരിൽ നിന്നും

ചീഫ ജസ്റ്റിസ് മിശ്ര: നിങ്ങൾക്ക് ഒരു അവസരമുണ്ട്. പക്ഷെ ഇപ്പോൾ അല്ല. മുപ്പതാം തീയതി വരെ കാത്തിരിക്കൂ. അപ്പോൾ ഒരു വഴിയുണ്ടാക്കാം.

ചീഫ് ജസ്റ്റിസ് മിശ്ര: അടിസ്ഥാനപരമായി ഇത് ഒരു നിയമപ്രശ്നമാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം കഴിക്കുന്നതിൽ കോടതിയ്ക്ക് ഇടപെടാൻ ആകില്ല. മാസികമായ വളർച്ചയില്ലാത്തതോ, മാനസീകമായി തളർന്നതോ ആയ വ്യക്തിയെ മാത്രമെ അച്ഛന്റെ കസ്റ്റഡിയിൽ വിടാൻ ആകൂ. പ്രായപൂർത്തിയായ മകളുടെ പൂർണ്ണമായ നിയന്ത്രണം അച്ഛനു ആവശ്യപ്പെടാൻ സാധിക്കില്ല. ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ പെൺകുട്ടിയ്ക്ക് പറയാനുള്ളത് കേൾക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും ഞങ്ങൾ ഒഴിഞ്ഞു മാറില്ല.

1 comment:

  1. ഈ സംവാദം പൂർണ്ണമല്ല. ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന കോടതിനടപടികളിൽ 25 മിനിറ്റോളം മാത്രമാണ് എഴുതിയെടുക്കാൻ സാധിച്ചതെന്ന് ശ്രീ ബാലഗോപാൽ തന്നെ പറയുന്നുണ്ട്. വാദത്തിനിടെ അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യവും ചീഫ് ജസ്റ്റിസ് പരാമർശിച്ചിരുന്നു. ഇനി ഒക്‌ടോബർ 30 വരെ കാത്തിരിക്കാം.

    ReplyDelete

Thanks for being here. Please share your comments.