Tuesday, November 28, 2017

അഖിലയ്ക്ക് തുടർ പഠനത്തിനു അനുമതി

അഖില കേസിൽ വളരെ പ്രധാനപ്പെട്ട രണ്ട് സംഭവങ്ങൾ ഇന്ന് സുപ്രീംകോടതിയിൽ നടന്നു. കോടതി അഖിലയുമായി സംസാരിച്ചു. അഖിലയ്ക്ക് പറയാനുള്ളത് അടച്ചിട്ട കോടതിമുറിയിൽ കേൾക്കണം എന്ന് അശോകന്റേയും എൻ ഐ എയുടേയും അഭിഭാഷകർ ശക്തമായ വാദം ഉന്നയിച്ചു എങ്കിലും കോടതി അത് നിരാകരിച്ചു. തുറന്ന കോടതിയിൽ തന്നെ അഖിലയ്ക്ക് പറയാനുള്ളത് കോടതി കേട്ടു. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് അഖില പറഞ്ഞപ്പോൾ കോടതിയുടെ ചോദ്യങ്ങളും അഖിലയുടെ മറുപടിയും തർജ്ജമചെയ്യാൻ സംസ്ഥാനസർക്കാരിന്റെ അഭിഭാഷകൻ ആയ വി ഗിരിയെ കോടതി ചുമതലപ്പെടുത്തി. അങ്ങനെ അഖിലയോട് വിദ്യാഭ്യാസത്തെ പറ്റിയും ഭാവിപരിപാടികളെക്കുറിച്ചു എല്ലാം ചോദിച്ച കോടതി തുടർന്നു പഠിക്കണമെന്ന് അഖിലയുടെ ആവശ്യം അംഗീകരിച്ചു. അഖിലയുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അഖില മുൻപ് പഠിച്ചിരുന്ന സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളേജിനു കോടതി നിർദ്ദേശം നല്കി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ കോളേജ് അധികാരികൾ തന്നെ സ്വീകരിക്കണം. അഖിലയുടെ താമസത്തിനുള്ള സൗകര്യം ഒരുക്കണം. അതിനു ഒരു മുറിയോ ഷെയർ ചെയ്യുന്ന മുറിയോ ആകാം. ഹോസ്റ്റലിൽ മറ്റുകുട്ടികൾക്ക് ബാധകമായ എല്ലാ നിയമങ്ങളും അഖിലയ്ക്കും ബാധകമായിരിക്കും. അഖിലയുടെ പഠനത്തിന്റേയും താമസത്തിന്റേയും ചെലവ് കേരളസർക്കാർ വഹിക്കണം. അഖിലയുടെ സുരക്ഷ തമിഴ്നാട് പോലീസിന്റെ ചുമതല ആയിരിക്കും. അഖിലയുമായി ബന്ധപ്പെട്ട അഡ്മിഷൻ, താമസം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങൾക്കും കോളേജ് ഡീനിനു കോടതിയെ സമീപിക്കാവുന്നതാണ്. അച്ഛനോടൊപ്പമോ ഷെഫിൻ ജഹാനൊപ്പമോ പോകാൻ അഖിലയെ അനുവദിച്ചില്ല. കോളേജ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട കോടതി അതുവരെ അഖിലയ്ക്ക് കേരള ഹൗസിൽ തുടർന്നും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കേരളത്തിന്റെ അഭിഭാഷകനായ വി ഗിരിയ്ക്ക് നിർദ്ദേശം നൽകി.

രണ്ടാമത്തേത് 16/08/2017-ൽ ഈ കേസിൽ എൻ ഐ എ അന്വേഷണത്തിനു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന ഷെഫിൻ ജഹാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല എന്നതാണ്. നിയമാനുസൃതമായ അന്വേഷണവുമായി എൻ ഐ എയ്ക്ക് മുൻപോട്ട് പോകാം എന്ന് കോടതി അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം ഇന്നത്തെ ഉത്തരവിൽ വ്യക്തമാക്കി. 

തികച്ചും ഉയർന്ന നീതിബോധത്തോടെയുള്ളതാണ് ഇന്നത്തെ ഈ വിധിന്യായം എങ്കിലും ഇതിൽ വ്യക്തതയില്ലാത്ത പല വിഷയങ്ങളും ഉണ്ടെന്ന് ഞാൻ കരുതുന്നു. അഖിലയെ കാണാൻ ആർക്കെല്ലാം അനുവാദം ഉണ്ട്? അഖിലയ്ക്ക് മുഴുവൻ സമയവും ക്യാമ്പസ്സിൽ സംരക്ഷണം നൽകേണ്ടതുണ്ടോ? അഖിലയുടെ യാത്രകൾ എവിടെയ്ക്കൊക്കെ ആകാം? ക്യാമ്പസ്സിനു വെളിയിൽ പോകുന്നതിനും മറ്റുമുള്ള അനുവാദം അഖിലയ്ക്ക് ഉണ്ടോ? പതിനൊന്നുമാസത്തെ സമയമാണ് ഹൗസർജൻസി പൂർത്തിയാക്കുന്നതിനു വേണ്ടത്. അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ കോളേജ് ഡീനിനു കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ അഖിലയുടെ രക്ഷാകർതൃത്വം ആർക്കാണെന്നത് ഈ വിധിയിൽ ഇല്ല. അങ്ങനെ പല സംശയങ്ങൾ ഉള്ളതിനാൽ അതിൽ വ്യക്തതകൾ ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്ത ദിവസങ്ങളിൽ തന്നെ കോടതിയിൽ എത്തും എന്ന് കരുതുന്നു

ഇന്നത്തെ കോടതിവിധി ഇവിടെ വായിക്കാം

No comments:

Post a Comment

Thanks for being here. Please share your comments.