Wednesday, May 17, 2017

കുമ്മനം പ്രതിചേർക്കപ്പെടുമ്പോൾ

ആർ എസ് എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ആയ ചൂരക്കാട്ട് ബിജു രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സി പി എമ്മിന്റെ കൊലക്കത്തിയ്ക്ക് ഇരയായത് കഴിഞ്ഞ ആഴ്ചയാണ്. വെട്ടേറ്റ് കഴുത്ത് അറ്റുപോകാറായ അവസ്ഥയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് നടത്തിയ സമാധാനസമ്മേളനത്തിനു ശേഷം നടന്ന ഈ കൊലപാതകം മുഖ്യമ്ന്ത്രിയുടെ പാർട്ടി പ്രവർത്തകർ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. പോലീസിന്റെ റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ കൊലപാതകത്തെ തുടർന്ന് സി പി എം അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ഒരു വീഡിയോ ബി ജെ പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചേർക്കുകയും ദേശീയതലത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് എസ് എഫ് ഐ ജില്ല പ്രസിഡന്റ് സിറാജുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുക്കുകയും ചെയ്തു. വ്യാജമായ വീഡിയോ അപ്‌ലോഡ് ചെയ്തതല്ല സാമൂഹ്യ സ്പർദ്ധവളർത്താൻ ശ്രമിച്ചു എന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-A വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ എടുത്ത കേസ് എന്ന നിലയിലാണ് ഞാൻ ഇതിനെ കാണുന്നത്. 2014-ൽ രാജ്യത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിക്കുന്ന കണക്കുകൾ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടതനുസരിച്ച് 153-എ, 153-ബി എന്നിങ്ങനെ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ കേരളം ആണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ രാഷ്ട്രീയവൈര്യനിര്യാതനത്തിനു കേരളത്തിൽ പൊതുവിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് 153-എ എന്നതുതന്നെ. സർക്കാരുകൾ മാറുമ്പോൾ കാലം നീണ്ടുപോകുമ്പോൾ ഈ കേസുകൾക്ക് എന്തു സംഭവിക്കുന്നു എന്നതുതന്നെ രാഷ്ട്രീയവൈര്യനിര്യാതനത്തിനാണ് ഈ കേസുകൾ എടുത്തത് എന്നതിന്റെ തെളിവായി മാറുന്നു. ഇപ്പോൾ ശ്രീ കുമ്മനം രാജശേഖരനും അതിനു ഇരയായിരിക്കുന്നു. താൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആധികാരികമാണെന്നും അത് എവിടേയും തെളിയിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേസുവന്നാൽ അത് കോടതിയിൽ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം ഇതുസംബന്ധിച്ച വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. 

സമീപകാലത്ത് ബി ജെ പിയുമായുള്ള സഹകരണത്തിന്റെ പേരിൽ എസ് എൻ ഡി പിയോഗം പ്രസിഡന്റായ ശ്രീ വെള്ളാപ്പള്ളി നടേശനും ഈ വകുപ്പനുസരിച്ചുള്ള കേസ് നേരിടേണ്ടിവന്നിട്ടുണ്ട്. ആലുവയിൽ നടത്തിയ പ്രസംഗത്തിലൂടെ മതസ്പർദ്ധവളർത്താൻ ശ്രമിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ ഈ കേസെടുക്കാൻ പോലീസ് കണ്ടെത്തിയ ന്യായം. രണ്ടു സർക്കാരുകൾ ഒന്നരവർഷം പിന്നിടുന്നു എന്നിട്ടും ഈ കേസ് എങ്ങും എത്തിയിട്ടില്ല. അതുപോലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചർ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് ഡോ എൻ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരായും സമീപകാലത്ത് 153-എ അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

5 comments:

  1. മൈക്ക് കെട്ടി വായിൽ തോന്നിയ കൂതറത്തരം മുഴുവൻ വിളിച്ചു പറഞ്ഞ മന്ത്രി മറ്റേപ്പണീ മണിയ്ക്കെതിരെ കേസെടുക്കാൻ പറ്റില്ല, ഒരു ബന്ധോം ഇല്ലാത്ത ആരെന്നു പോലും അറിയാത്ത ഒരു പെണ്ണ് ഫോൺ വിളിച്ച് കൊഞ്ചിക്കുഴഞ്ഞപ്പോൾ പൂച്ചക്കുട്ടീ എന്ന് വിളിച്ച് വഷളത്തരം മുഴുവൻ വിളിച്ചു പറഞ്ഞ വിടനായ മറ്റൊരു മന്ത്രി അയാൾക്കെതിരേം കേസില്ല. സ്വന്തം മകന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തണം എന്നാവശ്യവുമായി ഡി ജി പി ഓഫീസിലേയ്ക്ക് പോയ അമ്മയ്ക്ക് ചവിട്ടും, മാനഹാനിയും. അതൊക്കെയാണ് ഈ എൽ ഡി എഫ് ഭരണത്തിൽ പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്.

    ReplyDelete
  2. സി പി എം പ്രവർത്തകനായ ധനരാജ് കൊല്ലപ്പെട്ടപ്പോൾ പാർട്ടി സെക്രട്ടറി നടത്തിയ വിവാദപ്രസംഗം ആണ് പാടത്തെ പണിക്ക് വരമ്പത്ത് കൂലി നൽകണം എന്നത്. അന്ന് പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നടത്തിയ ആ പ്രസംഗം സാമൂഹ്യസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനായിരുന്നോ? ആ പ്രസംഗത്തിന്റെ പേരിൽ എതുനടപടിയാണ് കേരളപോലീസ് സ്വീകരിച്ചത്? കോടിയേരിയുടെ അന്നത്തെ പ്രസംഗത്തെകുറിച്ച് റിപ്പോർട്ടർ വാർത്ത

    കണ്ണൂര്‍: ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് അംഗീകരിക്കാനാകില്ല. ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി വ്യക്തമാക്കി.

    പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും കൊടിയേരി പറഞ്ഞു. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു.

    പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനു കൊല്ലപ്പെട്ടത്.

    ധനരാജിനെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊല്ലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രാമചന്ദ്രനെയും മറ്റൊരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധനരാജ് വധത്തില്‍ നാലു ബിജെപി പ്രവര്‍ത്തകരെയും രാമചന്ദ്രന്‍ വധത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

    ReplyDelete
  3. ഈ കേസിൽ ഇതുവരെ പോലീസ് / മാദ്ധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചില സി പി എം പ്രവർത്തകർ ആസൂത്രിതമായി നടപ്പിലാക്കിയ ഒരു കൊലപാതകമാണ് ചൂരക്കാട്ട്
    ബിജുവിന്റേതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ കൊലപാതകം ആർ എസ് എസ് നടത്തിയതാണെന്ന് വരുത്തിതീർക്കാൻ സി പി എം അനുഭാവികളായ ചിലരും
    കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് ആരോപിക്കുന്ന വ്യക്തിയും ശ്രമിച്ചിട്ടുണ്ട്. ധനരാജ് എന്ന സി പി എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസില് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന
    ആളാണ് കൊല്ലപ്പെട്ട ചൂരക്കാട്ട് ബിജു. അതുകൊണ്ടുതന്നെ ബിജുവിനെ അപായപ്പെടുത്താൻ ശ്രമിക്കും എന്ന് അദ്ദേഹവും സുഹൃത്തുക്കളും ഭയപ്പെട്ടിരുന്നു. ധനരാജിനെ കൊന്നതിനു
    പകരം ചോദിക്കും എന്ന് പലരും സമൂഹ്യമാദ്ധ്യമങ്ങളിൽ പല പോസ്റ്റുകളും മുൻപും ഇട്ടിട്ടുണ്ട് എന്ന് അറിയുന്നു. ഇതെല്ലാം ബിജുവിന്റെ മരണം ആഗ്രഹിക്കുന്നവർ ഉണ്ടായിരുന്നു എന്നതിനു
    തെളിവാണ്. അത്തരക്കാർ ബിജു കൊല്ലപ്പെട്ടതറിഞ്ഞു ആഹ്ലാദിക്കില്ല എന്ന് പറയാൻ സാധിക്കില്ല. അത്തരക്കാർ നടത്തിയ ആഹ്ലാദപ്രകടനം ആണതെന്ന നിലപാടാണ
    കുമ്മനത്തിനുള്ളതെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആ ബോധ്യം അദ്ദേഹത്തിനുണ്ടെങ്കിൽ അത്തരക്കാരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്നതിനു അദ്ദേഹം ആ വീഡിയോ
    പരസ്യപ്പെടുത്തി. അതിൽ അദ്ദേഹം മനഃപൂർവ്വം കലാപത്തിനു ആഹ്വാനം ചെയ്തു എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. മുൻപ് ഒരു ആർ എസ് എസ് നേതാവ് കൊല്ലപ്പെട്ടപ്പോൾ ഒരു
    മുതിർന്ന സി പി എം നേതാവായ ജയരാജന്റെ മകൻ ജയിൻ രാജ് ആ വാർത്തയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ആ കൊലപാതകം നടത്തിയവരെ അഭിനന്ദിച്ചുകൊണ്ടും
    ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് മുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

    പാടത്തെ പണിക്ക് വരമ്പത്തു തന്നെ കൂലി നൽകണം എന്ന് പാർട്ടി സെക്രട്ടറി ആഹ്വാനം ചെയ്തത് ധനരാജിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ ആണ്.
    അത് അക്രമം നടത്താനുള്ള വ്യക്തമായ ആഹ്വാനവും ആയിരുന്നു. എന്നിട്ടും അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടി പോലീസ് എടുത്തതായോ സാമൂഹ്യസ്പർദ്ധവളർത്തുന്ന
    തരത്തിൽ പ്രസംഗിച്ചതിനു ഇതേ 153എ അനുസരിച്ച് കേസെടുത്തതായോഅറിവില്ല. ആ സാഹചര്യത്തിൽ ആണ് കുമ്മനത്തിനെതിരെ മാത്രം ഇത്തരം കേസെടുത്തത് രാഷ്ട്രീയ
    വൈരനിര്യാതനബുദ്ധിയോടെ ആണെന്ന് ഞാൻ അനുമാനിക്കുന്നത്.

    കുമ്മനം കലാപം നടത്താൻ ശ്രമിച്ചു എന്ന് പറയുന്നവർ തൂണേരിയിൽ ഷിബിൻ എന്ന ഡി വൈ എഫ് ഐ പ്രവർത്തകൻ 2015 ജനുവരി 22 നു കൊല്ലപ്പെട്ടതിനെ തുടർന്ന് തൂണേരിയിലും
    നാദാപുരത്തും എന്താണ് സംഭവിച്ചതെന്നും ഓർക്കുന്നത് നല്ലതാണ്. അന്ന് കലാപത്തിനു ആരാണ് ആഹ്വാനം ചെയ്തത്. കുട്ടികളുടെ പാഠപുസ്തകങ്ങൾ വരെ അഗ്നിക്കിരയാക്കിയത്
    ആരാണ്? ആ കലാപത്തിനു ആർക്കൊക്കെ എതിരെ നടപടി എടുത്തു? ലീഗാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച് 18 പ്രതികളിൽ 17 പേരെയും വിചാരണക്കോടതി വെറുതെ
    വിട്ടില്ലെ? കഴിഞ്ഞ മാസങ്ങളിൽ മലപ്പുറം ജില്ലയുടെ ഇതേ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾ കൊള്ളകൾ ഇവയൊക്കെ ബി ജെ പി നടത്തുന്നതാണോ? ഈ നാട്ടിൽ ഇപ്പോൾ കലാപം
    നടത്തുന്നത് ആരാണെന്ന് അറിയാൻ ഈ ഓർമ്മകൾ കൂടി ഒന്ന് പുതുക്കുന്നത് നല്ലതാവും

    ReplyDelete
  4. രാഷ്ട്രീയ യജമാനന്മാരോടുള്ള ഭക്തി കാണിച്ചുകൊണ്ട് കേരള പോലീസ് ഇന്ന് വീണ്ടും ജാമ്യമില്ലാത്ത കുറ്റം ചുമത്തി കേരളത്തിന്റെ മുൻ ഡി ജി പി സെൻകുമാറിനെതിരായും കേസെടുത്തിരിക്കുന്നു. മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അഭിമുഖം നൽകിഎന്നതാണ് യജമാന ഭക്തികൊണ്ട് പോലീസ് ആരോപിക്കുന്ന കുറ്റം. അഭിമുഖം പ്രസിദ്ധീകരിച്ച ഓൺലൈൻ പോർട്ടലിനെതിരായും കേസെടുത്തിട്ടുണ്ട്. മതസ്പർദ്ധ / സമൂഹ്യസ്പർദ്ധ എന്നിവ വളർത്തുന്നു എന്ന ആരോപണത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രസ്റ്റർചെയ്യപ്പെടുന്ന സംസ്ഥാനം കേരളം ആണ്.ആർക്കൊക്കെ എതിരെയാണ് കേസുകൾ എടുക്കുന്നത്? ഈ കേസുകൾക്ക് എന്തു സംഭവിക്കുന്നു? ആരൊക്കെ ശിക്ഷിക്കപ്പെടുന്നു എന്നത് നോക്കിയാൽ അറിയാം ഈ കേസെടുക്കൽ യജമാനഭക്തികൊണ്ടു മാത്രം ആണെന്ന്. മുൻപ് ശ്രീ കുമ്മനം രാജശേഖരനെതിരെ കേസെടുത്തപ്പോൾ എഴുതിയ ഈ ബ്ലോഗ് ഇപ്പോൾ വീണ്ടും ഷെയർ ചെയ്യുന്നു.

    ഏഷ്യാനെറ്റിലെ വാർത്ത ഇവിടെ വായിക്കാം

    തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന തരത്തിൽ അഭിമുഖം നൽകിയതിന് മുൻ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും കേസെടുത്തു .
    പ്രത്യേക മതവിഭാഗത്തിനെതിരെ ടി പി സെൻകുമാർ നടത്തിയ പരാമർശം ഒരു ഓൺലൈൻ മാധ്യമത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതിനെ തുടർന്ന് സെൻകുമാറിനെതിരെ 6 പരാതികളാണ് പൊലീസ് മേധാവിക്ക് കിട്ടിയത്. സെൻകുമാറിനെതിരെ കേസ്സെടുക്കുക്കുന്നതിന്റെ സാധ്യതളാരാഞ്ഞ് പൊലീസ് മേധാവി നിയമോപദേശം തേടി. മതസ്പർദ്ധ വളർത്തുന്ന പരാമാർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമനം 153(എ), ഐടി നിയമം എന്നിവ പ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പരാതികൾ ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിന് കൈമാറി. കേസ്സെടുക്കുന്നതിനെക്കുറിച്ച് എഡിജിപി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു. സെൻകുമാറിനെതിരെയും അഭിമുഖം പ്രസിദ്ധപ്പെടുത്തിയ മാധ്യമത്തിനെതിരെയും കേസ്സെടുക്കാമെന്നായിരുന്നു നിയമോപദേശം.
    തുടർന്നാണ് ക്രൈംബ്രാഞ്ചിന് കീഴിലെ സൈബർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുത്തത്.സെൻകുമാർ,അഭിമുഖം തയ്യാറാക്കിയ ലേഖകകൻ, എഡിറ്റർ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയാകും തുടർ നടപടികൾ. തന്റെ വാക്കുകൾ വളച്ചൊടിച്ചാണ് അഭിമുഖമെന്ന് കാട്ടി സെൻകുമാർ നേരത്തെ ഓൺലൈൻ മാധ്യമത്തിന്റെ പത്രാധിപർക്ക് കത്തയച്ചിരുന്നു. ഇതിന്റെ പകർപ്പും ലേഖകൻ നൽകിയ മറുപടിയും പൊലീസിന്റെ കൈവശമുണ്ട്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കും.

    ReplyDelete
  5. കുമ്മനം രാജശേഖരനെതിരെ പോലീസ് എടുത്ത കേസ് പിൻവലിക്കാൻ ഒരുങ്ങുന്നതായി ജനം ടി വി റിപ്പോർട്ട് ചെയ്യുന്നു. ജനം ടി വിയിലെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു

    കണ്ണൂർ: വിവാദ വീഡിയോ പോസ്റ്റ് ചെയ്തെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്.

    വീഡിയോയുടെ ആധികാരികതയെക്കുറിച്ചുള്ള അന്വേഷണം നിലച്ച സാഹചര്യത്തിലാണ് നീക്കം. കേസന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.

    ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹ് ബിജുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ആഘോഷത്തിന്‍റെ വീഡിയോ കുമ്മനം ട്വിറ്ററിൽ പോസ്റ്റ് ചെയ്‍‍തത് വിവാദമാക്കിയിരുന്നു.

    കഴിഞ്ഞ മെയ് 12 നാണ് ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത് . പയ്യന്നൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ധനരാജിന്റെ കൊലപാതകക്കേസിൽ പ്രതിചേർത്താണ് നേരത്തെ നോട്ടപ്പുള്ളിയായിരുന്ന ബിജുവിനെ സിപിഎം ക്രൂരമായി കൊലപ്പെടുത്തിയത്.

    ReplyDelete

Thanks for being here. Please share your comments.